തിരുവനന്തപുരം : വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ്ഭവനിൽ ബാബു(55), ഭാര്യ റെയ്ച്ചൽ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടവഴിയെച്ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും തർക്കത്തിലായിരുന്നു. ബാബു നന്നാക്കിയിട്ട വഴിയിൽക്കൂടി സജി സ്കൂട്ടർ ഓടിച്ചുവന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. റെയ്ച്ചൽ സജിയെ കമ്പുകൊണ്ടടിച്ചുവെന്നും ബാബു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ബോധം കെട്ടുവീണ സജിയെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.എസ്.പി. രാജ്പ്രസാദ്, സി.ഐ.സന്തോഷ് കുമാർ, എസ്.ഐ. സുനിൽഗോപി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പനയ്ക്കോട്ടുള്ള ബന്ധുവീട്ടിൽനിന്ന് ബാബുവിനെയും ഭാര്യ റെയ്ച്ചലിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുനിതയാണ് സജിയുടെ ഭാര്യ.