തിരുവനന്തപുരം : കടകളിൽ നിന്ന് മാലിന്യം ശേഖരിച്ച് വനത്തിൽ തള്ളുന്ന സംഘം പിടിയിൽ. പാലോട് ഭരതന്നൂർ സെക്ഷനിലെ മൈലമൂട് വന ഭാഗത്ത് പിക്അപ്പ് വാഹനത്തിൽ കയറ്റി പ്ലാസ്റ്റിക്ക് ചാക്കിൽ കൊണ്ടു വന്നു കാട്ടിൽ ഉപേക്ഷിക്കുകയായിരുന്ന സംഘത്തിനെ വാഹനം ഉൾപ്പെടെ ഇന്നലെ രാത്രി 10 മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കൊല്ലം സ്വദേശികളായ ഷാജഹാൻ, നാസർ, നാസറുദ്ദീൻ എന്നിവരെയാണ് വനം വകുപ്പിൻ്റെ നൈറ്റ് പട്രോളിങ് സംഘം പിടികൂടിയത്. നെടുമങ്ങാട് , പേരുർകട എന്നീ സ്ഥലങ്ങളിലെ വിവിധ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന കൊട്ടേഷൻ ഈ സംഘം എടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി കാട്ടിൽ തള്ളുകയാണ് ഇവരുടെ പതിവ്.
സ്ഥിരമായി രാത്രി വനമേഖലയിൽ മാലിന്യം തള്ളുന്നതയി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ മൂവർ സംഘം പിടിയിലാവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.