ഭോപാല്‍ : മതവികാരം വ്രണപ്പെടുത്തിയതിനാല്‍, ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിച്ച പുതിയ വിഡിയോ ആല്‍ബം 3 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു മാപ്പുപറയണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടു. ‘മധുബന്‍’ എന്ന ആല്‍ബത്തിലെ ‘മധുബന്‍ മേം രാധിക നാച്ചേ’ എന്ന ഗാനമാണ് വിവാദമായത്. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പാട്ടിന്റെ വരികള്‍ മാറ്റാന്‍ തയാറാണെന്ന് ആല്‍ബം പുറത്തിറക്കിയ സരിഗമ മ്യൂസിക് കമ്പനി അറിയിച്ചു. 3 ദിവസത്തിനുള്ളില്‍ മാറ്റം നടപ്പിലാക്കും. ആല്‍ബത്തിന്റെ പേരും പുതുക്കും. 1960ല്‍ ഇറങ്ങിയ ‘കോഹിനൂര്‍’ എന്ന സിനിമയിലെ മുഹമ്മദ് റഫിയുടെ പ്രസിദ്ധ ഗാനത്തിന്റെ പരിഷ്കരിച്ച രൂപമാണിത്.
രാധ ഹിന്ദുക്കള്‍ക്ക് ദൈവമാണെന്നും പാട്ടിന്റെ രംഗങ്ങള്‍ അവരെ വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആല്‍ബത്തിനു വേണ്ടി പാട്ടു പാടിയ ഷാരിബ്, തോഷി എന്നിവരും മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ മധുരയിലെ പുരോഹിത സംഘടനയും ഈ ഗാനത്തിനെതിരെ രംഗത്തുവന്നിരുന്നു.