തിരുവനന്തപുരം : പുതുവത്സര ദിനം മുതല്‍ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഇതനുസരിച്ച് നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂര്‍ മുന്‍പു വരെ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിന് ചാര്‍ജും ഈടാക്കില്ല. 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ കാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48- 24 മണിക്കൂറുകള്‍ക്ക് ഇടയില്‍ 25%, 24- 12 മണിക്കൂറുകള്‍ക്ക് ഇടയില്‍ 40%, 12- 2 മണിക്കൂറുകള്‍ക്ക് ഇടയില്‍ 50 ശതമാനവും വീതം കാന്സലേഷന് നിരക്ക് നല്‍കണം.
ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനകമുള്ള കാന്സലേഷന് അനുവദിക്കില്ല. കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചൈസി/ കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്കു യാത്രാതീയതി നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘദൂര യാത്രക്കാരന് യാത്ര അപ്പോള്‍ നിലവിലുള്ള 2 ബസുകളിലായി ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. 4 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ ചാര്‍ജ് മാത്രമേ ഈടാക്കൂ. മടക്കയാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും.
സംസ്ഥാനാന്തര സര്‍വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയിന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വീസുകളിലും സൗജന്യയാത്രയും അനുവദിക്കും. ഇതിനായുള്ള യാത്രാരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് 2 മണിക്കൂറിനുള്ളില്‍ 30 കിലോമീറ്റര്‍ വരെ മാത്രമേ ഈ സൗജന്യം ലഭിക്കൂ.