കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്‌ദാനംചെയ്‌ത് പണംതട്ടിയ യുവതിയുടെ കൂട്ടുപ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. മുഖ്യകണ്ണിയെന്നു സംശയിക്കുന്ന കോട്ടയം സ്വദേശിയായ യുവതിയെക്കുറിച്ചും ചോദ്യംചെയ്യലിൽ സൂചന ലഭിച്ചു. ഇവരെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം.
ടിടിഇ, ബില്ലിങ് ക്ലർക്ക് ജോലി വാഗ്‌ദാനംചെയ്‌ത് പലരിൽനിന്നായി പണംതട്ടിയ ഇരിട്ടി ചരളിലെ മുണ്ടംപ്ലാക്കൽ ബിൻഷ ഐസക്കിനെയാണ്‌കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പൊലീസ് അറസ്‌റ്റുചെയ്‌തത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഐസക് ജോസഫിന്റെ മകളാണ് ബിൻഷ. റെയിൽവേയിൽ ടിടിഇയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഉദ്യോഗാർഥികളെ വലയിലാക്കിയത്.
മാഡം എന്നാണ് തട്ടിപ്പുസംഘത്തിലെ യുവതിയെ ബിൻഷ പരിചയപ്പെടുത്തിയിരുന്നത്. ഇവരുമായുള്ള ഫോൺ സംഭാഷണങ്ങളും വാട്‌സാപ് ചാറ്റുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയ പണവും ഇവർക്ക് കൈമാറിയതിന്റെ വിവരങ്ങളും ലഭിച്ചു. റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ടിടിഇയുടെ വസ്‌ത്രവും തിരിച്ചറിയൽ കാർഡുമിട്ടാണ് ഇവർ കറങ്ങിനടന്നിരുന്നത്. കണ്ണൂർ ടൗൺ പൊലീസിൽ ആറ്റടപ്പ സ്വദേശിനി ഹന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും കണ്ണൂർ സ്‌റ്റേഷൻ പരിസരത്തുവച്ചാണ് ബിൻഷയെ പിടികൂടിയത്. പഠനകാലത്ത് കായികതാരമായിരുന്ന ബിൻഷ സുഹൃത്തുക്കളെയും സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരെയുമാണ് വലയിലാക്കിയത്. വിവരമറിഞ്ഞ് തട്ടിപ്പിനിരയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പരാതിയുമായി എത്തിയിട്ടുണ്ട്.