കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന് ആഘോഷിക്കും. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വിവിധ ഖാദിമാരും മതനേതാക്കളുമാണ് ഇക്കാര്യം അറിയിച്ചത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, കോഴിക്കോട് ഖാദിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെയും ഇബ്രാഹീം ഖലീലുൽ ബുഖാരിയുടെയും പ്രതിനിധികൾ, സമസ്ത സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്.
വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നും ബലിപെരുന്നാൾ ജൂലൈ പത്തിന് ഞായറാഴ്ചയും ആയിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജൂലൈ ഒമ്പതിനായിരിക്കും അറഫാദിനം. ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനും അറഫാദിനം എട്ടിനുമായിരിക്കും.