കൊല്ലം : കുളത്തുപ്പുഴയിൽ വീട്ടുമുറ്റത്ത് നിന്ന ചന്ദന മരം രാത്രിയിൽ മുറിച്ചു കടത്താൻ ശ്രമിച്ചു. വീട്ടുകാര്‍ ഉണര്‍ന്നതോടെ കവർച്ചാ സംഘം ഓടി രക്ഷപെട്ടു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു
ചന്ദനക്കാവ് സ്വദേശി ഡാനിയേലിന്‍റെ വീട്ടുമുറ്റത്ത് നിന്ന 20 വര്‍ഷം പഴക്കമുള്ള ചന്ദനമരമാണ് മോഷ്ട്ടാക്കള്‍ മുറിച്ചിട്ടത്. മരം മുറിക്കുന്ന ശബ്ദം കേട്ട സമീപവാസിയായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ബഹളം വച്ചു. വീട്ടുകാര്‍ ഉണര്‍ന്നതോടെ കവര്‍ച്ച സംഘം മുറിച്ചിട്ട ചന്ദന മരം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ പോലീസ് മുറിച്ചിട്ട ചന്ദനത്തടികൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഉടമയുടെ പരാതിയിൽ വനം വകുപ്പ് കേസെടുത്ത് ചെയ്ത് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച്ച മുന്പ് കുളത്തുപ്പുഴ പതിനൊന്നാംമൈലിലും സമാനമായി ചന്ദന മരം മോഷ്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും കവര്‍ച്ച നടന്നത്. രണ്ടിടത്തും മോഷണം നടത്തിയത് ഒരു സംഘം തന്നെയെന്നാണ് വനം വകുപ്പ് അനുമാനം. ഇവര്‍ക്ക് പ്രാദേശിക തലത്തില്‍ സഹായം ലഭിക്കുന്നതായും വനവകുപ്പ് സംശയിക്കുന്നുണ്ട്.