വയനാട് : കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ രാഹുൽ ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം.
രാഹുൽ ഗാന്ധി രാവിലെ എട്ട് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. ഇവിടെ നിന്ന് അഞ്ച് ഡിവൈഎസ്പിമാരുടെ സംഘം ഇദ്ദേഹത്തെ വയനാട് അതിർത്തി വരെ അനുഗമിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആർ ഇളങ്കോ അറിയിച്ചു. വയനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കും. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.
മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി എം പി (Rahul Gandhi MP) ഇന്ന് വയനാട്ടിൽ എത്തുന്നത്. രാവിലെ കണ്ണൂരിലാണ് അദ്ദേഹം വിമാനമിറങ്ങുന്നത്. ഇവിടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും.
മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികൾ അവസാനിക്കും. എം.പി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.