വത്തിക്കാന്‍ സിറ്റി : കൊറോണ വൈറസിന്റെ പിടിയില്‍ നിന്നു ലോകത്തെ രക്ഷിക്കാന്‍ പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് ദിനസന്ദേശം. ലോകത്തെ സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. വ്യക്തികള്‍ക്കിടയിലും രാജ്യങ്ങള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ധ്രുവീകരണത്തെ അപലപിച്ച മാര്‍പാപ്പ കുടുംബവഴക്കായാലും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായാലും ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. 2 പേജ് വരുന്ന ക്രിസ്മസ് സന്ദേശത്തില്‍ 11 തവണ ‘ചര്‍ച്ച’ എന്ന വാക്ക് അദ്ദേഹം ഉച്ചരിച്ചു. ഇറ്റലിയില്‍ കോവിഡ് കേസുകളുടെ റെക്കോര്‍ഡ് വര്‍ധന റിപ്പോര്‍ട്ട് ചെയ്ത വാരമായതിനാല്‍, പതിനായിരങ്ങള്‍ തടിച്ചുകൂടാറുള്ള സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ഥനാ ചടങ്ങില്‍ ഇത്തവണ തിരക്ക് കുറവായിരുന്നു. അപ്പസ്‌തോലിക് മന്ദിരത്തിനുള്ളില്‍ നിന്നു ടിവി സ്‌ക്രീനിലൂടെ പ്രഭാഷണം നടത്താന്‍ മാര്‍പാപ്പ നിര്‍ബന്ധിതനായെങ്കിലും പെരുമഴ നനഞ്ഞും വിശ്വാസിസമൂഹം ആ വാക്കുകള്‍ക്കു കാതോര്‍ത്തു.
സിറിയ, യെമന്‍, ഇറാഖ്, എന്നിവിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും യുക്രെയ്‌നിലും ഇത്യോപ്യയിലും പുതുതായി രൂപപ്പെട്ട പിരിമുറുക്കങ്ങളെക്കുറിച്ചും ലെബനനിലെ പ്രതിസന്ധിയെക്കുറിച്ചും മാര്‍പാപ്പ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, രാഷ്ട്രീയ തടവുകാര്‍, അക്രമത്തിന് ഇരയായ സ്ത്രീകള്‍ എന്നിവരോട് അനുകമ്പ കാട്ടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മാര്‍പാപ്പ, ഭാവി തലമുറയ്ക്കുവേണ്ടി കളമൊരുക്കാന്‍ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യരെ ഉള്‍വലിയാനും ഒറ്റപ്പെടുത്താനും പ്രേരിപ്പിക്കുന്നതാണ് കോവിഡ് മഹാമാരിയെന്നു പറഞ്ഞ അദ്ദേഹം ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം കഷ്ടപ്പാടുകള്‍ നേരിട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചു. വൃദ്ധപരിചരണത്തിനു സ്വയം സമര്‍പ്പിച്ച ആരോഗ്യപ്രവര്‍ത്തകരെയും മാര്‍പാപ്പ അനുസ്മരിച്ചു.