മുംബൈ : മഹാരാഷ്ട്രയില്‍ വിമത എംഎൽഎമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയിൽ. വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയിൽ പ്രവേശിക്കാൻ വിമത എംഎൽഎമാരെ അനുവദിക്കരുതെന്നും ശിവസേന ഹർജിയിൽ ആവശ്യപ്പെടുന്നു. ഏക്നാഥ് ഷിൻഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപിൽ സിബൽ വാദിച്ചു. എന്നാല്‍, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേൾക്കാമെന്ന് അറിയിച്ചു.
ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ ഇന്നലെ രാത്രി മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ശിൻഡെയ്ക്കൊപ്പം സത്യപ്രതിഞ്ജ ചെയ്തു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫഡ്നാവിസ് അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്. വിമതരെ ഒപ്പം കൂട്ടി ബിജെപി ഒരു സർക്കാരുണ്ടാക്കുമ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് അല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ രാജ്ഭവനിൽ ഷിൻഡെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഫഡ്നാവിസ് ആ ട്വിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു.
മന്ത്രിസഭയിൽ താനുണ്ടാകില്ലെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ നിലപാട്. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ ഉപമുഖ്യമന്ത്രി പദം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ഏഴരയോടെ ഇരുവരും സത്യപ്രതിഞ്ജ ചെയ്തു. പിന്നാലെ ആദ്യ മന്ത്രിസഭാ യോഗവും ചേർന്നു. ഏക്നാഥ് ഷിൻഡേ നാളെ സഭയിൽ പുതിയ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കണം. ബിജെപിയുടെ 106 പേർക്ക് പുറതെ വിമതരടക്കം 50 പേർ ഷിൻഡെയ്ക്കൊപ്പവുമുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും വിമത എംഎൽഎമാര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചത്.