ഹൈദരാബാദ് : ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കമാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്. തെലങ്കാനയിലും കർണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. നിർവ്വാഹക സമിതി യോഗത്തിന് മുമ്പായി മുതിർന്ന നേതാക്കൾ തെലങ്കാനയിലും കർണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.
ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവർത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. 2024ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും. തെരെഞ്ഞെടുപ്പുകൾക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തിൽ ഉണ്ടാകും. രാജ്യത്തിൻ്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും.