വാഷിങ്ടന്‍ : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് നാലു മടങ്ങ് കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പകുതിയോളം കുട്ടികള്‍ അഞ്ചു വയസ്സിനു താഴെയുള്ളവരാണ്. ഒമിക്രോണ്‍ രാജ്യത്ത് വ്യാപകമായി പടരുന്നുണ്ടോ എന്നത് പരിഗണിക്കാതെതന്നെ, ശൈത്യകാലത്ത് യുഎസിലെ കോവിഡ് കേസുകളില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേതന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ശരാശരി 1,90,000 പേരാണ് രോഗബാധിതരായത്. ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോള്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു.
ഹോം കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളുടെ വിതരണക്ഷാമവും ഗുരുതരമായ പ്രതിസന്ധിയാണ്. 500 ദശലക്ഷം കൊറോണ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പരിശോധനകളുടെ കാര്യത്തില്‍ അപര്യാപതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പരിശോധനയുടെ കുറവ് യാഥാര്‍ഥ്യമാണെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി അറിയിച്ചു. ഇന്നേവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വ്യാപനശേഷി കൂടിയ കോവിഡ് വകഭേദമാണ് ഒമിക്രോണ്‍. ഒമിക്രോണിന്റെ വ്യാപനശേഷിയും ശൈത്യകാലവും കണക്കിലെടുത്താല്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് കൂടുതല്‍ അപകടകരമാകുമെന്നും ഫൗചി ചൂണ്ടിക്കാട്ടി.