ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരില്‍ രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ രക്ഷിച്ചു തിരികെ നല്‍കി ബിഎസ്എഫ്. വെള്ളിയാഴ്ച വൈകിട്ട് 7.15ന് അതിര്‍ത്തിയില്‍ പട്രോളിങ്ങിനിടെയാണ് ബിഎസ്എഫ് ഭടന്മാര്‍ കുട്ടിയെ കണ്ടെത്തിയത്. എവിടെ നിന്നാണ് വന്നതെന്നോ വീട്ടുകാരെക്കുറിച്ചോ പറയാനാകാതെ കുഴങ്ങിയ കുട്ടിയെ സൈനികര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അറിയാതെ കുട്ടി അതിര്‍ത്തി കടന്നതാണെന്ന് ബോധ്യപ്പെട്ടതോടെ പാക്ക് റേഞ്ചേഴ്സിന് വിവരം നല്‍കി. 9.45ഓടെ കുട്ടിയെ അതിർത്തിയിൽ എത്തിച്ചു. കുട്ടിയെ രക്ഷിച്ച ബിഎസ്എഫ് നടപടിയെ പാക്ക് മാധ്യമങ്ങൾ പ്രശംസിച്ചു. ഇത്തരം വിഷയങ്ങളില്‍ മനുഷ്യത്വപരമായ നിലപാടിനാണ് പ്രാധാന്യം നൽകുന്നതെന്ന് ബിഎസ്എഫ് പ്രതികരിച്ചു.