തിരുവനന്തപുരം : പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധ്ര മുളകാലചെരുവില്‍നിന്നു 10 ടണ്‍ തക്കാളി കൂടി കേരളത്തിലെത്തി. കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ് മുഖേനയാണു തക്കാളി എത്തിക്കുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കര്‍ഷകരില്‍നിന്നു ഹോര്‍ട്ടികോര്‍പ് കേരളത്തിലെത്തിച്ചു വില്‍ക്കുന്ന തക്കാളിക്കും മറ്റു പച്ചക്കറികള്‍ക്കും പുറമേയാണിത്. ഹോര്‍ട്ടികോര്‍പ് മുഖേന തക്കാളികള്‍ വിതരണം ചെയ്യും. കൃഷി വകുപ്പ് ജനുവരി ഒന്നു വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നതെന്നു കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. തെങ്കാശിയിലെ കര്‍ഷകരില്‍നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്നും കൃഷിവകുപ്പ് അറിയിച്ചു.
പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ തമിഴ്നാട് തെങ്കാശി ജില്ലയിലെ കര്‍ഷകരില്‍നിന്നു പച്ചക്കറികള്‍ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായി ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. തമിഴ്നാട് അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് ഹോര്‍ട്ടികള്‍ചര്‍ വകുപ്പു നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ സംഭരിക്കുക. തെങ്കാശി ജില്ലയിലെ 7 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷനുകളില്നിന്നു ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന് ഇനി കഴിയും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും. 11 മാസത്തേക്കാണ് ധാരണ. കിലോയ്ക്ക് ഒരു രൂപ കൈകാര്യച്ചെലവ് ഹോര്‍ട്ടികോര്‍പ് കൊടുക്കണം.
തലേദിവസം ഹോര്‍ട്ടികോര്‍പ് ആവശ്യപ്പെടുന്ന പച്ചക്കറികള്‍ സമിതി സമാഹരിക്കുകയും ഗുണനിലവാരം ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി പിറ്റേദിവസം വിതരണത്തിനായി കേരളത്തിലെത്തിക്കുകയുമാണു ചെയ്യുക. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തില്‍ എത്തിക്കും.