ദില്ലി : അഗ്നിപഥ് പദ്ധതിയെ ശക്തമായി പ്രതിരോധിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ഹൈദരാബാദിൽ തുടരുന്ന യോഗത്തിലാണ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം തീർത്ത് മറികടക്കാൻ ബിജെപി തീരുമാനിച്ചത്. പദ്ധതിക്ക് അനുകൂലമായി ബിജെപിയും യുവമോർച്ചയും പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന പ്രഖ്യാപനത്തിൽ ഊന്നി പ്രചാരണം ശക്തമാക്കാൻ ദേശീയ നിർവാഹക സമിതി യോഗം നിർദേശം നൽകി.
ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഇന്നും തുടരും. രണ്ട് ദിവസമായി ചേരുന്ന യോഗം ഇന്നാണ് അവസാനിക്കുന്നത്. യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതു പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. നിർവാഹക സമിതി യോഗത്തിൽ ഇന്ന് രാഷ്ട്രീയ പ്രമേയവും അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആയിരിക്കും പ്രമേയം അവതരിപ്പിക്കുക. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം, മുന്നോട്ടുള്ള പ്രവർത്തനങ്ങൾ അടക്കമുള്ള വിഷയങ്ങൾ പ്രമേയത്തിൽ പരാമർശിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രമേയത്തെ പിന്താങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവാഹക സമിതി യോഗത്തിലും സംസാരിക്കും. വൈകീട്ട് നടക്കുന്ന പൊതുയോഗത്തിൽ തെലങ്കാനയിലെ എല്ലാ ബൂത്തുകളിലേയും പ്രവർത്തകർ എത്തുമെന്നാണ് ബിജെപി പ്രഖ്യാപനം.