കുമളി : റോഡരികിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. യുവാവിന്‍റെ ശരീരത്തിലും തലയിലും വാഹനം ഇടിച്ച പാട് കണ്ടെത്തിയതിനു പിന്നാലെ ഒരു ഓട്ടോറിക്ഷയും ബൈക്കും വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റ് ലയത്തില്‍ താമസിച്ചിരുന്ന രമേശിന്‍റെ (24) മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്.
വണ്ടിപ്പെരിയാർ- വള്ളക്കടവ് റോഡിവൽ ഇഞ്ചിക്കാടിനു സമീപം കഴിഞ്ഞ മാസം 20നാണ് രമേശിന്‍റെ മൃതദേഹം കണ്ടെത്തിയത്. രമേശ് വാഹനത്തിൽ നിന്നും താഴെ വീണ് മരണം സംഭവിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഫൊറൻസിക് പരിശോധനയിൽ രമേശിന്റെ തലയിലും ശരീരത്തിലും വാഹനത്തിന്‍റെ അടയാളം കണ്ടെത്തിയതാണ് വഴിത്തിരിവായിരിക്കുന്നത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന രമേശിനെ വാഹനം ഇടിപ്പിച്ചതാണോ, ബോധപൂർവം വാഹനം ഇടിച്ചിട്ട ശേഷം കടന്നതാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു ഓട്ടോറിക്ഷയും ഒരു ബൈക്കുമാണ് അന്വേഷണ സംഘം ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വാഹനം ഓടിച്ചിരുന്നവരെ ചോദ്യം ചെയ്‌തു വരികയാണ്. എന്നാൽ വഴിയിൽ മൃതദേഹം കിടക്കുന്നത് മാത്രമാണ് കണ്ടതെന്നാണ് ഇവർ നൽകുന്ന മൊഴി. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പൊലീസ് അറിയിച്ചു.
ജൂണ്‍ 20ന് പുലര്‍ച്ചെ നാലോടെയാണ് രമേശിനെ വണ്ടിപ്പെരിയാര്‍- വള്ളക്കവ് റൂട്ടില്‍ ഇഞ്ചിക്കാടിന് സമീപം റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി പോയ വാഹനത്തിന്‍റെ ഡ്രൈവറാണ് വിവരം പ്രദേശവാസികളെയും പൊലീസിനെയും അറിയിച്ചത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം രമേശിന്‍റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.