ഫുജൈറ : യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍. ബീച്ചുകളിലുണ്ടാകുന്ന അപകടങ്ങളും മുങ്ങി മരണങ്ങളും കുറയ്‍ക്കാന്‍ ലക്ഷ്യമിട്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിനിന് ഫുജൈറ പൊലീസ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
ഉഷ്ണകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ശനിയാഴ്ച ക്യാമ്പയിനിന് തുടക്കം കുറിച്ചതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കടലില്‍ നീന്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ വിവരിക്കുന്ന പ്രത്യേക ലഘുലേഖകള്‍ ബീച്ചുകളില്‍ എത്തുന്നവര്‍ക്കിടയില്‍ വിതരണം ചെയ്യും. ഇംഗീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഉഷ്ണ കാലത്ത് ബീച്ചുകളിലും പൂളുകളിലും മുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ തന്നെ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കന്നതെന്ന് ഫുജൈറ പൊലീസ് മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് ഹസന്‍ അന്‍ ബസ്‍രി പറഞ്ഞു. കുട്ടികളെയും കൂട്ടി ബീച്ചിലേക്ക് പോകുന്ന കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബീച്ചുകളില്‍ നീന്തുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. ഒപ്പം സൂര്യാസ്‍തമയത്തിന് ശേഷം കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ബീച്ചുകള്‍ക്ക് പുറമെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം അധികൃതര്‍ ബോധവത്കരണ ക്യാമ്പയിനുമായി എത്തുന്നുണ്ട്.