ദില്ലി : ഉദയ്‍പൂരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സ്റ്റേഷന്‍ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുൾപ്പടെ മൂന്ന് പോലീസുകാരെകൂടി സസ്പെന്‍ഡ് ചെയ്തു. മതമൗലികവാദത്തിന് അടിമകളായവരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവർക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നുമുള്ള നിലപാടിലാണ് എന്‍ഐഎ.
കനയ്യലാലിന് വധഭീഷണിയുണ്ടെന്ന വിവരം കിട്ടിയിട്ടും സുരക്ഷ ഒരുക്കുന്നതിലും അനിഷ്ട സംഭവങ്ങൾ തടയുന്നതിലും പോലീസ് വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥർക്കെതിരായ നടപടി. ഉദയ്പൂരില്‍ കൊലപാതകം നടന്ന സ്ഥലത്തെ സ്റ്റേഷന്‍റെ ചുമതലയിലുണ്ടായിരുന്ന എസ്എച്ച്ഒയ്ക്കും മറ്റ് രണ്ടു ഉദ്യോഗസ്ഥർക്കുമാണ് സസ്പെൻഷൻ. ഉദയ്പൂർ അഡീഷണല്‍ എസ്പിയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഉദയ്പൂരില്‍ സംഘർഷ സാധ്യതയ്ക്ക് അയവു വന്ന സാഹചര്യത്തില്‍ കർഫ്യൂവിൽ പത്ത് മണിക്കൂർ നേരത്തേക്ക് ഇളവനുവദിച്ചു. അഞ്ച് ദിവസത്തിന് ശേഷം ഇന്‍റർനെറ്റും പ്രദേശത്ത് പുനസ്ഥാപിച്ചു. അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പാകിസ്ഥാന്‍ ബന്ധമടക്കം വ്യക്തമായ സാഹചര്യത്തില്‍ പ്രതികൾക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.
പാകിസ്ഥാന്‍ സ്വദേശിയായ ഒരു സല്‍മാനുമായി ഇവർക്ക് ബന്ധമുണ്ട്. സല്‍മാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും എന്‍ഐഎ അന്വേഷിക്കുകയാണ്. പ്രതികളിലൊരാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയ പങ്കെടുത്ത ചടങ്ങിൽ നില്കുന്ന ചിത്രങ്ങൾ പുറത്തു വന്നത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പ്രതികൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തീർത്ഥാടനം കഴിഞ്ഞ് എത്തിയവരെ സ്വീകരിച്ച ചടങ്ങു മാത്രമാണെന്നും ഗുലാബ് ചന്ദ് കട്ടാരിയ വിശദീകരിച്ചു.