ചാലക്കുടി: ചാലക്കുടി നഗരസഭ ചെയര്‍മാന്‍ വിഒ പൈലപ്പനോട് 24 മണിക്കൂറിനുള്ളില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരടക്കം മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ തൃശ്ശൂരിൽവെച്ചാണ് പൈലപ്പനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. യു.ഡി.എഫ്. ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ കരാർപ്രകാരം ആദ്യ ഒന്നരവർഷം വി.ഒ. പൈലപ്പനും പിന്നീട് രണ്ടര വർഷം എബി ജോർജ്ജിനും അവസാന ഒരുവർഷം ഷിബു വാലപ്പനും ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് പാര്‍ട്ടിയിലെ ധാരണ.
എന്നാല്‍ നേരത്തെ ഉണ്ടാക്കിയ കരാർ പ്രകാരം ജൂൺ 28-നായിരുന്നു പൈലപ്പൻ രാജിവെക്കേണ്ടിയിരുന്നത്. ഇത് സംബന്ധിച്ച് തര്‍ക്കം വന്നതോടെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. എം.പി.മാരുടേയും എം.എൽ.എ.യുടേയും സാന്നിധ്യത്തിൽ യോഗം ചേർന്ന് 28-നുതന്നെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ അടുത്തഘട്ടം ചെയർമാനാകേണ്ട എബി ജോർജുമായി സമവായത്തിലെത്തിയിട്ടില്ല. നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ഇരുവരും പറയുന്നത്. നഗരസഭ സുവർണ ജൂബിലി ആഘോഷം കൂടി കഴിഞ്ഞിട്ട് രാജിവയ്ക്കാമെന്നാണ് പൈലപ്പന്റെ നിലപാട്. ഇത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും പൈലപ്പന്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ കരാര്‍ പ്രകാരം മുന്നോട്ട് പോകാനാണ് കെപിസിസി പ്രസിഡന്‍റ് പറഞ്ഞത്.അതേ സമയംകെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരുമായി ചർച്ച നടത്തി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്ന കാര്യം നാളെ തീരുമാനം ഉണ്ടാകുമെന്നാണ് വി.ഒ. പൈലപ്പന്‍ പറയുന്നത്.