തിരുവനന്തപുരം : കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് യു ഡി എഫ് വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ വിഷയങ്ങൾ പോലും ഇതിനായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തീവ്രവാദികളുടെ കാഴ്ചപ്പാട് മുസ്ലിം ലീഗ് ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇനി വികസനം നടക്കാൻ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷം. ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്.
മുസ്ലീം ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ ആ പാർട്ടിയിലെ സമാധാന കാംക്ഷികളായവർ രംഗത്ത് വരണം. നാടിനാവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വർഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നു. ഓരോ ചെറിയ വിഷയങ്ങളിലും വർഗീയത കലർത്തുന്നു. യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി വർഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.