പത്തനംതിട്ട : ആറന്മുളയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറുന്താർ സ്വദേശി ജോതിഷാണ് പിടിയിലായത്. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂൺ 27 നാണ് കുഴിക്കാല സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന ജ്യോതിഷിന്റെ ഭാര്യ അനിത മരിച്ചത്. ആറ് മാസം ഗർഭിണിയായിരിക്കെയായിരുന്നു മരണം. വയറ്റിലുണ്ടായ അണുബാധയാണ് മരണ കാരണം. വയറു വേദന മൂലം മെയ് 19 നാണ് അനിതയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചത്.
യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതി അവിടെ നിന്നും മുങ്ങി. ഭാര്യയുടെ ചികിത്സക്കെന്ന പേരിൽ പലരോടും പണം വാങ്ങിയെങ്കിലും അതൊന്നും ചികിത്സയ്ക്കായി വിനിയോഗിച്ചില്ല. ഗർഭിണിയായിരിക്കെ ഭർത്താവ് ജ്യോതിഷ് യുവതിക്ക് വേണ്ട ചികിത്സ നൽകിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. പല തവണ ആശുപത്രിയിലെത്തിച്ചപ്പോഴും ഡോക്ടർമാർ നിർദേശിച്ച കാര്യങ്ങളിലെല്ലാം വീഴ്ച വരുത്തിയതാണ് അനിതക്ക് അണുബാധയുണ്ടാകാൻ കാരണമെന്നും ബന്ധുക്കൾ പറയുന്നു.
മൂന്ന് വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പ്രതി ജോലിക്കൊന്നും പോകാതെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ജോതിഷിന്റെ താമസം. ഇയാൾക്കെതിരെ ഗാർഹിക പീഡനം ജുവനൈൽ ജസ്റ്റിസ് നിയത്തിലെ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.