മുംബൈ : ഒരാഴ്ച മുന്‍പ് ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം. സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറയ്ക്കുവേണ്ടി അവര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സംഭവം മാറി.
ഒറ്റരാത്രി കൊണ്ടാണ് സന്തോഷ് ബംഗാര്‍ ഷിന്‍ഡേ ക്യാ്പില്‍ എത്തിയത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വരെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു ഇയാള്‍. ഇന്നലെ ഉദ്ധവ് ക്യാമ്പില്‍ വോട്ട് ചെയ്ത ബംഗാര്‍ എന്ന് ഷിന്‍ഡേയ്ക്കൊപ്പമാണ് സഭയില്‍ എത്തിയത്.ഇന്നലെ രാത്രി വൈകിയാണ് ബംഗാര്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് എത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ജൂണ്‍ 24-ന് തന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയിലാണ് സന്തോഷ് ബംഗാര്‍ ഉദ്ധവിനായി കരഞ്ഞത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ ആ വീഡിയോ ഇപ്പോഴുമുണ്ട്. നിങ്ങള്‍ ഉദ്ധവിനോട് വഞ്ചനയാണ് കാണിക്കുന്നതെന്നും ഏക്‌നാഥ് ഷിന്ദേയോട് ബംഗാര്‍ മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ പറയുന്നുണ്ട്. ഉദ്ധവ് ജീ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ഇയാള്‍ പറയുമ്പോള്‍ അണികളില്‍ കരഘോഷവും മുദ്രാവാക്യം മുഴക്കുന്നതും കാണാം.
ഇന്ന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിന് ഏക്‌നാഥ് ഷിന്ദേ ഇന്ന് നിയമസഭയിലേക്ക് വരുമ്പോള്‍ ഒപ്പമുള്ള ആളെ കണ്ട് താക്കറെ പക്ഷക്കാര്‍ ഞെട്ടി. അതേ സമയം മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ജയിച്ച് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ നേടിയാണ് ജയം. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു.
ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസുമാണ് ചുമതലയേറ്റത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരം സ്ഥാനം ഏൽക്കുകയായിരുന്നു. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.