വത്തിക്കാൻ സിറ്റി : ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ. കാൽമുട്ട് വേദന കാരണം മാർപാപ്പ അടുത്തിടെ വീൽചെയറിൽ പൊതുവേദികളിൽ എത്തിയിരുന്നു. ചില വിദേശയാത്രകൾ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാർപാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ആഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിയത്. താൻ അർബുദബാധിതനാണെന്ന വാർത്തകളും അദ്ദേഹം തള്ളി. ‘മാർപാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകൾ നിർവഹിക്കാൻ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാൽ ഇതുവരെ അത്തരമൊരു ആലോചന മനസ്സിൽ വന്നിട്ടേയില്ല.’ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാൽമുട്ടിൽ ചെറിയ പൊട്ടൽ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.