മലപ്പുറം : സംരംഭകർക്ക് പുതിയ സാധ്യതകളും പ്രതീക്ഷയുമൊരുക്കി ജില്ലയിൽ വ്യവസായവകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. മൂന്ന് മാസത്തിനുള്ളിൽ 3,510 സംരംഭങ്ങളാണ് ജില്ലയിൽ പുതിയതായി ആരംഭിച്ചത്. 312 കോടി രൂപയുടെ നിക്ഷേപമുണ്ടായപ്പോൾ 6,732 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായാണ് ജില്ലയിൽ പുതിയതായി സംരംഭങ്ങൾ ആരംഭിച്ചത്.
ഒരു വർഷത്തിനുളളിൽ ജില്ലയിൽ 18,601 സംരംഭങ്ങളാണ് ജില്ല ലക്ഷ്യം വെക്കുന്നത്. 11,155 സംരംഭകരെ വ്യവസായ ശില്പശാലകളിലൂടെ കണ്ടെത്താൻ സാധിച്ചെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ പറഞ്ഞു. ജില്ലയിൽ ശിൽപശാല ഏകോപ്പിക്കാനും സബ്‌സിഡി, വായ്പ, മറ്റ് സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവൽക്കരിക്കാനും 122 ഇന്റേണുകളെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചത്.
ജനപ്രതിനിധികളുടെയും മറ്റ് കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ജില്ലയിൽ ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. ഭക്ഷ്യസംസ്‌കരണം, വസ്ത്രനിർമാണം, ഐസ്പ്ലാന്റ്, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡി.ടി.പി ഓൺലൈൻ സർവീസ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പുകൾ തുടങ്ങിയ സേവന മേഖലകളും ജില്ലയിലെ പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഉൾപ്പെടുന്നു.