ദില്ലി : കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് കരട് വിജ്ഞാപന കാലാവധി നീട്ടിയത്. അടുത്ത വർഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്ഞാപനം ഇറങ്ങുക. ജൂൺ 30 ന് കരടിന്‍റെ കാലവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്.
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. ഉമ്മൻ വി ഉമ്മൻ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ വരുത്തിയ മാറ്റങ്ങളിൽ ചിലത് പുനഃപരിശോധിക്കേണ്ടിവരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.