തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്ത രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ്സുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വർഷങ്ങളായി സിപിഎം ഭരണഘടനാ ലംഘനം നടത്തുകയാണ്. ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ എന്തിനു സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെന്നു കെ.സുധാകരൻ ചോദിച്ചു.
ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞ് രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. സജി ചെറിയാന്റെ പ്രസംഗത്തിൽ സിപിഎം ദേശീയ നേതൃത്വം പ്രതികരിക്കണം. അവർക്ക് ഇതിനോട് യോജിപ്പുണ്ടോയെന്ന് വ്യക്തമാക്കണം. സിപിഎം ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞവരാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ദേശീയപതാക കൈകൊണ്ട് തൊട്ടത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. സ്വയം രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം.
ആർഎസ്എസ്സിനും ഭരണഘടനയോട് കൂറില്ലെന്നു കെ.സുധാകരൻ പറഞ്ഞു. ആർഎസ്എസ് നേതാക്കൾ പരസ്യമായി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നാട്ടിൽ ജീവിക്കുമ്പോൾ ഈ രാജ്യത്തോട് കൂറുവേണം. അല്ലാത്തവർക്ക് ഇവിടെ നിൽക്കാൻ അവകാശം ഇല്ല. ഏതു താൽപര്യം സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നു വ്യക്തമാക്കണം. ഭരണഘടന ഇല്ലായിരുന്നെങ്കിൽ രാജ്യം നിലനിൽക്കില്ലായിരുന്നു. സിപിഎമ്മിന്റെ ബുദ്ധിയുള്ള ആളുകൾ സജി ചെറിയാനെ നീക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നയം വ്യക്തമാക്കണം. ഇല്ലെങ്കിൽ നിയമനടപടികളിലേക്കു പോകേണ്ടിവരുമെന്നും കെ.സുധാകരൻ പറഞ്ഞു.