കുമ്പളം : കടക്കെണിയിൽപ്പെടുത്തി വഞ്ചിച്ചതാണ് മരണകാരണമെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. കായലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളം പുതിയ നികർത്തിൽ അനന്തുവിന്റെ (25) ആത്മഹത്യാക്കുറിപ്പാണ് കിട്ടിയത്. തിരിച്ചടവ് മുടങ്ങിയ ബൈക്കിന്റെ പേരിൽ പെരുമ്പടപ്പ് സ്വദേശികൾ എന്നറിയപ്പെടുന്ന ഷഹജാൻ, ആഫിദ ഷഹജാൻ എന്നിവർ തന്ത്രപൂർവം ബൈക്ക് തട്ടിയെടുത്ത് കടക്കെണിയിൽ പെടുത്തിയതാണ് മരണകാരണമെന്ന് കുറിപ്പിൽ പറയുന്നു. ബൈക്ക് വിറ്റ് കടംതീർക്കാൻ ഓൺലൈൻ മുഖേന അനന്തു പരസ്യം നൽകിയിരുന്നു. ഇതു കണ്ട് എത്തിയാണ് രണ്ടംഗ സംഘം ബൈക്ക് കൈവശപ്പെടുത്തിയത്.
ഒരുമാസം കഴിഞ്ഞും പണം കിട്ടാതായതോടെ അന്വേഷിച്ചപ്പോഴാണ് താനറിയാതെ ബൈക്ക് തന്റെ പേരിൽ പണയം വെച്ച് സംഘം പണം തട്ടിയതായി അനന്തു അറിഞ്ഞത്. ബൈക്കിന്റെ കടംവീട്ടാൻ ശ്രമിച്ചപ്പോൾ ബൈക്കും നഷ്ടപ്പെട്ട് കൂടുതൽ കടക്കെണിയിലുമായി എന്നറിഞ്ഞ് കടുത്ത മാനസിക സമ്മർദത്തിലായതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പ് മാധ്യമങ്ങൾക്കും മാതാപിതാക്കൾക്കും പ്രത്യേകം എഴുതിയിട്ടുണ്ട്. ഒക്ടോബർ 28-ന് കാണാതായ അനന്തുവിന്റെ മൃതദേഹം മട്ടാഞ്ചേരി നേവൽ ബർത്തിലെ പായലുകൾക്കിടയിൽ നിന്ന് 31നാണ് കണ്ടെത്തിയത്. മുറി പരിശോധിക്കുന്നതിനിടെ അച്ഛൻ മുരുകന് വെള്ളിയാഴ്ചയാണ് അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുരുകൻ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.