തിരുവനന്തപുരം : പൊതുപ്രവർത്തകന്റെ ധാർമിക വിശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണമോ, ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സിബിഐ അന്വേഷണമോ നേരിടാൻ തയാറാകണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ.
സംസ്ഥാനത്തുടനീളം നടക്കുന്ന ഗാന്ധിനിന്ദയ്ക്കെതിരെ കെപിസിസി ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎമ്മിൽ നിന്നും മാർക്സിസം വഴിമാറിയപ്പോൾ പകരം ഗോഡ്സെയുടെ ചിന്തകളാണ് കടന്നു കയറിയത്. വയനാട്ടിൽനിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ കാണിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസ് സംരക്ഷണത്തിലാണ് അക്രമങ്ങൾ നടക്കുന്നതെന്നാണ്.
സംസ്ഥാനത്താകമാനം ഗാന്ധി പ്രതിമകൾ തകർക്കപ്പെടുമ്പോൾ പൊലീസ് നിഷ്ക്രിയമായിരിക്കുന്നു. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകർത്ത നിന്ദ്യമായ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ഗാന്ധിവിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്നും സുധീരൻ പറഞ്ഞു.