തിരുവനന്തപുരം : പി.സി.ജോർജ് പീഡിപ്പിച്ചതായി ആരോപിച്ച സോളർ കേസ് പ്രതി പരാതി നൽകാൻ 5 മാസം വൈകിയതു സംശയാസ്പദമാണെന്ന് കോടതി. ജോർജിന് ഈ കേസിൽ ജാമ്യം നൽകി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി– 3 പുറപ്പെടുവിച്ച ജാമ്യ ഉത്തരവിലാണ് ഈ നിരീക്ഷണം.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എംഎൽഎമാർക്കും മന്ത്രിമാർക്കുമെതിരെ സമാനമായ ആക്ഷേപമുന്നയിച്ച പരാതിക്കാരിക്കു നിയമപ്രകാരമുള്ള അവകാശങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്ന് ഉറപ്പാണ്. എന്നിട്ടും ഒരു മുൻ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകാൻ ഇത്രയും വൈകിയതു ദുരൂഹമാണ്. അതിന്റെ കാരണം പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണു ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാഗം കേൾക്കാനുള്ള സാവകാശം നൽകിയില്ല. പ്രതി മുതിർന്ന പൗരനും ഗുരുതര രോഗങ്ങൾ ഉള്ളയാളുമാണ് എന്നതും പരിഗണിച്ചു – ജാമ്യം അനുവദിക്കാനുള്ള കാരണമായി ഉത്തരവിൽ പറയുന്നു.
പി.സി.ജോർജിനെതിരായ കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള വലിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നാണു പ്രതിഭാഗം വാദിച്ചത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നൽകിയതു സംബന്ധിച്ചു വെളിപ്പെടുത്തിയപ്പോൾ സോളർ കേസ് പ്രതി മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. അപ്പോൾ ജോർജിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല.
കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയ്ക്കും ജോർജിനുമെതിരെ പൊലീസ് കേസെടുത്തപ്പോഴും അവർ ഈ പരാതി ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോഴുള്ള പരാതി രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതി സമർപ്പിക്കാൻ വൈകിയതിനെപ്പറ്റി വിചാരണ വേളയിൽ വിശദീകരിക്കാമെന്നാണു പ്രോസിക്യൂഷൻ അറിയിച്ചത്.