ന്യൂഡൽഹി : കാട്ടാന ആക്രമണത്തെത്തുടർന്നുള്ള ആൾനാശം, വിളനാശം തുടങ്ങിയവയ്ക്കു നഷ്ടപരിഹാരം നൽകുന്നതിനുൾപ്പെടെ വനം പരിസ്ഥിതി മന്ത്രാലയം ആധാർ കാർഡ് നിർബന്ധമാക്കി. ‘പ്രോജക്ട് എലിഫന്റ്’ പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ആധാർ നിർബന്ധമാക്കിയത്. ഇതു ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശം നൽകി. തൽക്കാലം ആധാർ കാർഡില്ലെങ്കിൽ ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് തുടങ്ങിയ മറ്റു രേഖകളുടെ അടിസ്ഥാനത്തിൽ തുക നൽകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
‘പ്രോജക്ട് എലിഫന്റ്’
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്പോൺസർ ചെയ്തു സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നതാണ് പദ്ധതി. ആനകൾ ഉള്ള സംസ്ഥാനങ്ങളിൽ അവയുടെയും ആവാസ വ്യവസ്ഥയുടെയും ആനകൾക്കുള്ള വഴിത്താരകളുടെയും സംരക്ഷണം, കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷവും തുടർന്നുള്ള നഷ്ടവും ലഘൂകരിക്കൽ എന്നിവയാണു ലക്ഷ്യമിടുന്നത്.