ദില്ലി : ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുപ്പതുകാരനായ ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തിൽ പിടികൂടിയത്.
അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പാകിസ്ഥാന്‍ ബന്ധമടക്കം വ്യക്തമായ സാഹചര്യത്തില്‍ പ്രതികൾക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.
പാകിസ്ഥാന്‍ സ്വദേശിയായ ഒരു സല്‍മാനുമായി ഇവർക്ക് ബന്ധമുണ്ട്. സല്‍മാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും എന്‍ഐഎ അന്വേഷിക്കുകയാണ്. പ്രതികളിലൊരാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയ പങ്കെടുത്ത ചടങ്ങിൽ നില്കുന്ന ചിത്രങ്ങൾ പുറത്തു വന്നത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പ്രതികൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തീർത്ഥാടനം കഴിഞ്ഞ് എത്തിയവരെ സ്വീകരിച്ച ചടങ്ങു മാത്രമാണെന്നും ഗുലാബ് ചന്ദ് കട്ടാരിയ വിശദീകരിച്ചു.