വയനാട് : സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്‍റെ അധ്യാപക നിയമന വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. തരുവണ സർക്കാർ സ്കൂളിലെത്തി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചു. അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉടൻ കൈമാറും. വഴിവിട്ട നീക്കങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് തരുവണയിൽ യുഡിഎഫ് ധർണയും പൊതുയോഗവും സംഘടിപ്പിക്കും.
വെള്ളമുണ്ട എയുപി സ്കൂൾ മാനേജ്മെന്‍റിന്‍റെ കള്ളകളികൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവന്ന് കൊണ്ടുവന്നതിന് പിന്നാലെയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. ഉദ്യോഗസ്ഥർ തരുവണ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകനിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ മാനനന്തവാടി എഇഒ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. വെള്ളമുണ്ട സ്കൂളിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍റെ മകൻ രഞ്ജിത്തിന് നിയമനം നൽകുന്ന കാര്യം അറിഞ്ഞിട്ടില്ല. ക്രമക്കേടുകൾക്ക് കൂട്ടുനിന്നിട്ടില്ലെന്നും മാനന്തവാടി എഇഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആറാം പ്രവർത്തി ദിനം ജില്ലയിലെ 4 സ്കൂളുകൾ സന്പൂർണ്ണ വെബ്സൈറ്റ് വീണ്ടും റിസെറ്റ് ചെയ്ത് നൽകാൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ രാത്രി എട്ടുമണിക്കും ടിസി നൽകേണ്ടി വന്നത് തരുവണ സർക്കാർ സ്കൂളിന് മാത്രമാണ്. ഇതിനിടെ നിലവിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന ആരോപണങ്ങളും ഉയരുകയാണ്.
വിഷയത്തിൽ വെള്ളമുണ്ട സ്കൂളിൽ പിടിഎ എക്സിക്യൂട്ടീവ് യോഗം ചേർന്നു. കുട്ടികളുടെ എണ്ണം തികയ്ക്കാൻ വ്യാജ ടിസി ഉപയോഗിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെ സർക്കാർ സ്കൂളിൽ നിന്ന് കുട്ടികളുടെ ടിസി വാങ്ങിയതിന് പിന്നിൽ രഞ്ജിത്തിന്‍റെ നിയമനവുമായി ബന്ധമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.