തിരുവനന്തപുരം : മന്ത്രി സജി ചെറിയാനെതിരെ രണ്ട് ദിവസത്തിനകം കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നിയമ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകും. മറ്റന്നാൾ സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും വൈകുന്നേരം ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കുമെന്നും സുധാകരൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ മര്യാദകളും മറികടക്കുന്ന മുന്നണിയാണ് കേരളം ഭരിക്കുന്നത്. സജി ചെറിയാനെക്കാൾ വലിയ കുറ്റം ചെയ്തത് രാജി വയ്ക്കാൻ പ്രേരിപ്പിക്കാത്ത മുന്നണിയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഭരണഘടനയോട് സിപിഎമ്മിന് എല്ലാക്കാലത്തും പുച്ഛമാണ്. സജി ചെറിയാനെതിരെ നടപടി വേണമെന്നും രാജിക്കുളള സമ്മർദ്ദം തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു.