ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവച്ചു. രാജ്യസഭാ എംപി കൂടിയായ നഖ്‌വിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി. ഇതോടെ, നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു.
അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നവരിൽ മോദി സർക്കാരിൽ ശേഷിക്കുന്ന രണ്ടു പേരിൽ ഒരാളാണ് നഖ്‌വി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് രണ്ടാമൻ. ഉത്തർപ്രദേശിൽ അടുത്തിടെ ലോക്സഭാ ഉപതിരഞ്ഞെടുപ്പു നടന്ന അസംഗഡ്, റാംപുർ എന്നീ മണ്ഡലങ്ങളിലൊന്നിൽ നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തെ സ്ഥാനാർഥിയാക്കാതെ വന്നതോടെ തന്നെ ഇത്തവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തവണ നഖ്‌വിക്ക് രാജ്യസഭാ സീറ്റും നൽകിയിരുന്നില്ല.
ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി ഇത്തവണ ന്യൂനപക്ഷത്തു നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. ജൂലൈ 19 ആണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് ആറിന് തിരഞ്ഞെടുപ്പു നടക്കും.
നഖ്‌വിക്കു പുറമേ കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ള, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരാണ് ബിജെപി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റുള്ളവർ.