തിരുവനന്തപുരം : മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിലേക്കു നയിച്ച സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. അദ്ദേഹം നിലപാട് വ്യക്തമാക്കണം. സജി ചെറിയാന്റെ രാജി സ്വാഗതാർഹമാണ്. പക്ഷേ, പ്രസംഗത്തെ തള്ളാത്തത് ദൗർഭാഗ്യകരമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് സതീശൻ അഭിപ്രായപ്പെട്ടു. സജി ചെറിയാനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സജി ചെറിയാന്റെ രാജിപ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴാണ് വി.ഡി.സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഭരണഘടനയെ അവഹേളിച്ചും ഭരണഘടനാ ശിൽപികളെ അപകീര്‍ത്തിപ്പെടുത്തിയും നടത്തിയ മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. പ്രസംഗത്തിലെ വാചകങ്ങൾ കേരളം മുഴുവൻ കേട്ടതാണ്. എന്നിട്ടും താൻ പറഞ്ഞതിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. രാജി മുഖ്യമന്ത്രിയോ പാർട്ടിയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനർഥം സജി ചെറിയാൻ ഭരണഘടനെ വിമർശിച്ച് നടത്തിയ പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നുവെന്നാണ്’ – അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു സജി ചെറിയാന്റെ വിവാദപ്രസംഗം. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപടലിനെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നൽകുകയായിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.