ബാഗ്ദാദ്: 1990ലെ അധിനിവേശ കാലത്ത് കൊള്ളയടിച്ച ദേശീയ സ്വത്ത് തിരികെ നല്‍കാന്‍ ഇറാഖ് സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിക്കുന്നതായി കുവൈത്ത് അറിയിച്ചു. ഇക്കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയ കുവൈത്ത് നയതന്ത്ര ഉദ്യോഗസ്ഥര്‍, വിഷയത്തിന് അടിയന്തര പ്രാധാന്യം നല്‍കി എത്രയും വേഗം അവശേഷിക്കുന്ന സാധനങ്ങള്‍ കൂടി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കുവൈത്ത് അമീരി ദിവാനില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നു നഷ്ടമായ പുരാരേഖകളാണ് അപഹരിക്കപ്പെട്ടവയില്‍ പ്രധാനപ്പെട്ടത്. അതേസമയം അധിനിവേശ കാലത്ത് കുവൈത്തില്‍ നിന്ന് നഷ്ടമായ വസ്‍തുക്കളില്‍ ചിലത് അടുത്ത കാലത്ത് തിരികെ ലഭിച്ചതായി അറബ് രാജ്യങ്ങളുടെ ചുമതലയുള്ള കുവൈത്ത് വിദേശകാര്യ സഹമന്ത്രി നാസര്‍ അല്‍ ഖഹ്‍താനി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രശ്നം എത്രയും വേഗം പരിഹരിക്കാനും കുവൈത്തില്‍ നിന്ന് അപഹരിച്ച സാധനങ്ങള്‍ തിരികെ നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനും ഇറാഖ് ഭരണകൂടത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്‍തു. കുവൈത്തിലെ ജനങ്ങള്‍ക്ക് ഇത് ഏറ്റവും പ്രധാന്യമുള്ളൊരു വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ തങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഖഹ്‍താന്‍ അല്‍ ജനാബി പറഞ്ഞു. വിഷയം വഴിയെ പരിഹരിക്കപ്പെടുമെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ പുരോഗതിയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.