കണ്ണൂര്‍: ബലിപെരുന്നാൾ ദിനത്തിൽ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത് വിവാദമായതോടെ മാറ്റിവെച്ചു. സര്‍വകലാശാല പഠനവകുപ്പുകളിലെ വിവിധ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജൂലൈ പത്തിന് നടത്താന്‍ നിശ്ചയിച്ചത്. നേരത്തേ തീരുമാനിച്ച ടൈംടേബിള്‍ പ്രകാരമുള്ള ഷെഡ്യൂളാണെങ്കിലും ബലിപെരുന്നാൾ 10നാണെന്ന സര്‍ക്കാര്‍ അറിയിപ്പ് ഉള്‍പ്പെടെ പുറത്തിറങ്ങിയിട്ടും തീയതി മാറ്റാൻ സർവകലാശാല തയാറാകാത്തതോടെ വിദ്യാർഥികൾ പ്രതിഷേധവുമായെത്തിയിരുന്നു.
ഇതേതുടർന്നാണ് പരീക്ഷ മാറ്റിയതായി ബുധനാഴ്ച വൈകീട്ട് ഉത്തരവിറക്കിയത്. പത്തിന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ ഇംഗ്ലീഷ്, എം.എസ്സി ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11ലേക്കും ഉച്ചക്ക് ശേഷമുള്ള എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്സി കെമിസ്ട്രി പരീക്ഷകൾ 12ലേക്കുമാണ് മാറ്റിയത്. 16ന് രാവിലെ നടത്താനിരുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.എസ്സി ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി പ്രവേശന പരീക്ഷകൾ 13നും ഉച്ചക്കുശേഷമുള്ള എം.എസ്സി എൻവയോൺമെന്റൽ സയൻസ് പ്രവേശന പരീക്ഷ 11നും നടക്കും. പുനഃക്രമീകരിച്ച പ്രവേശന പരീക്ഷകൾ ഉച്ചക്കുശേഷം മൂന്നു മുതൽ അഞ്ചു വരെയാണ് നടക്കുക. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്.