ചെന്നൈ : ശരിയായി മണ്ണിട്ടുമൂടാതെയും ഇൻസുലേറ്റ് ചെയ്യാതെയും അലക്ഷ്യമായിട്ടിരുന്ന ഭൂഗർഭ വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചെന്നൈ കോർപ്പറേഷൻ കരാർ തൊഴിലാളിയായശേഖർ (50) ആണ് മരിച്ചത്. വേളാച്ചേരിയിലെ വെങ്കിടേശ്വര നഗർ മൂന്നാം തെരുവിലാണ് സംഭവം.
വെങ്കടേശ്വര തെരുവിൽ നഗരമാലിന്യം ശേഖരിക്കുന്ന കോർപ്പറേഷൻ ചവറ്റുവീപ്പകൾക്ക് സമീപം ഭൂഗർഭ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. രാവിലെ മാലിന്യം നീക്കാനെത്തിയതായിരുന്നു ശേഖർ അടക്കമുള്ള തൊഴിലാളികൾ. വൈദ്യുത കേബിളിന് മീതെ കൂനകൂടിക്കിടന്ന മാലിന്യം നീക്കുന്നതിനിടെ മൂടാതെയിട്ടിരുന്ന കേബിളിൽ നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. അബോധാവസ്ഥയിലായ തൊഴിലാളിയെ സഹ തൊഴിലാളികളും നാട്ടുകാരും ചേർന്ന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈദ്യുതി കേബിളിന്‍റെ അറ്റകുറ്റപ്പണിക്ക് ശേഷം കുഴി മൂടാതെ ലൈൻ ചാർജ് ചെയ്ത് മടങ്ങിയതാണ് അപകടകാരണം. തൊഴിലാളിയുടെ ദാരുണ മരണത്തിൽ നാട്ടുകാരും സഹ തൊഴിലാളികളും പ്രതിഷേധിച്ചു. വേളാച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ശേഖറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.