കൊല്ലം : രണ്ടു പതിറ്റാണ്ടായി ആസിഡ് മലിന ജലം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കൊല്ലം ചിറ്റൂരിലെ ജനങ്ങൾ. ചവറ കെഎംഎംഎല്ലിൽ നിന്നൊഴുക്കി വിട്ട മലിന ജലനത്തിൽ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പും വെറും വാക്കായി. ഭൂമി, സർക്കാർ ഏറ്റെടുക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. ചിറ്റൂരിലെ പാടത്തും വീട്ടു പറമ്പിലും ഒക്കെ ഓറഞ്ച് നിറത്തിലുള്ള വെള്ളമാണ്. മഴക്കാലമായാൽ പിന്നെ കാലുകൾ ചൊറിഞ്ഞു പൊട്ടും. വേനൽക്കാലത്ത് പ്രദേശം ചീഞ്ഞ് നാറും. കിണറുണ്ട്, അതിൽ വെള്ളവുമുണ്ട്. പക്ഷേ ഉപയോഗിക്കാനാകില്ല. കുടിക്കാൻ വെള്ളം വേണമെങ്കിൽ പോലും കെഎംഎംഎൽ കനിയണം. അഞ്ഞൂറിലധികം കുടുംബങ്ങളാണ് ചിറ്റൂരിൽ ദുരിതത്തിൽ കഴിയുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കി. 150 കോടി രൂപയും മാറ്റിവച്ചു. 2017 ൽ കിൻഫ്ര വഴി ഭൂമി എറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഭൂരിഭാഗം ആളുകളും ഭൂമി വിട്ടു കൊടുക്കാൻ സമ്മത പത്രവും നൽകി. എന്നാൽ സർക്കാർ നടപടികൾ പിന്നെ മുന്നോട്ട് പോയതേയില്ല. വില നിർണയ നടപടികൾ നടക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ഏറ്റെടുക്കൽ ഇനിയും വൈകിയാൽ പ്രതിഷേധ പരിപാടിയിലേക്ക് കടക്കാനാണ് ആസിഡ് ഗ്രാമം സമരസമിതിയുടെ തീരുമാനം.