ചണ്ഡീഗഢ് : ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ആം ആദ്മി പാർട്ടി അധികാരത്തോടടുക്കുന്നു. ആകെയുള്ള 35 സീറ്റുകളിൽ 31 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ എ.എ.പി. 14 സീറ്റുകളിൽ ജയിച്ചിട്ടുണ്ട്. ബി.ജെ.പി. പത്ത് സീറ്റുകളിലും കോൺഗ്രസ് ആറിടത്തും ജയിച്ചു. ശിരോമണി അകാലിദൾ ഒരിടത്തും ജയിച്ചു. ബിജെപിയുടെ മുൻ മേയർമാരായ രവികാന്ത് ശർമ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു.
ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ നിലവിലെ ഭരണം ബി.ജെ.പിക്കായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയാണ് ബി.ജെ.പി. അധികാരം പിടിച്ചത്. കോൺഗ്രസിനു അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗൺസിലറും ഉണ്ടായിരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ വിജയമെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെട്ടു. പഞ്ചാബിൽ യഥാർഥ ചിത്രം കാണാമെന്നും എ.എ.പി. വ്യക്തമാക്കി.