തിരുവനന്തപുരം: നിയമസഭയിൽ ബുധനാഴ്ച ചോദ്യത്തരവേളയും ശൂന്യവേളയും റദ്ദാക്കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സ്പീക്കറുടെ റൂളിങ്. അംഗങ്ങള്‍ ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാലാണ് നടപടിയെന്നും കീഴ്‌വഴക്കം നോക്കിയാണ് റദ്ദാക്കിയതെന്നും സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യത്തരവേളയും ശൂന്യവേളയും ഒന്നിച്ചു റദ്ദാക്കിയത് ചരിത്രത്തില്‍ ആദ്യമാണെന്ന് തരത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു വ്യാഴാഴ്ച ശൂന്യവേളയ്ക്കിടെ സ്പീക്കറുടെ വിശദീകരണവും റൂളിങ്ങും.
2013ല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. കീഴ്‌വഴക്കം നോക്കിയാണ് തീരുമാനം എടുത്തത്. ഇതു മനസ്സിലാക്കാതെ വിമര്‍ശനം ഉന്നയിക്കുന്ന സഭാംഗങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും സ്പീക്കർ റൂളിങ് നടത്തി. സ്പീക്കറുടെ നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സഭയില്‍ തന്നെ എതിര്‍ത്തു. പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് ഇരിക്കുമ്പോഴായിരുന്നു ശൂന്യവേള ഉള്‍പ്പെടെ റദ്ദാക്കിയ സ്പീക്കറുടെ നടപടിയെന്ന് സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിയോജിച്ചതോടെ സ്പീക്കര്‍ക്ക് പിന്തുണയുമായി നിയമമന്ത്രി പി.രാജീവ് എഴുന്നേറ്റു. സ്പീക്കറുടെ നിക്ഷ്പക്ഷതയെ ചോദ്യംചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. ചോദ്യത്തോരവേളയില്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സഭാ ടിവി കാണിക്കുന്നില്ലെന്ന് വിമര്‍ശനം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിട്ടുണ്ട്.
സജി ചെറിയാൻ വിഷയത്തിൽ ഇന്നലെ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽതന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിയും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി 8 മിനിറ്റ് കൊണ്ടു സ്പീക്കർ സഭ പിരിച്ചുവിട്ടിരുന്നു. പാർട്ടി നിലപാട് എടുക്കും മുൻപു നിയമസഭയിൽ മറുപടി പറയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു സർക്കാർ ലക്ഷ്യമെന്ന് വിമർശനം ഉയർന്നിരുന്നു.