തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3324 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം (736), തിരുവനന്തപുരം (731), കോട്ടയം (388), കൊല്ലം (380), പത്തനംതിട്ട (244) എന്നിങ്ങനെയാണ് കണക്കുകള്‍. 17 പേര്‍ രോഗബാധിതരായി മരിച്ചു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ 15 ശതമാനം വർധനയുണ്ടായി.
18930 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 16000 കേസുകളിൽ നിന്നാണ് പത്തൊമ്പതിനായിരത്തിന് അടുത്തെത്തിയത്. പോസിറ്റിവിറ്റി നിരക്കും കൂടി 4.32 ശതമാനമായി. 35 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ബംഗാൾ എന്നിവയാണ് കൊവിഡ് വ്യാപനം കൂടിയ മറ്റ് സംസ്ഥാനങ്ങൾ.
അതിനിടെ ഒമിക്രോണിന്‍റെ പുതിയ ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഒമിക്രോണിൻറെ ഉപവകഭേദമായ ബിഎ . 2 . 75 രാജ്യത്ത് കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈറസിന്‍റെ വ്യാപനം തീവ്രമല്ലെന്ന് ഐസിഎമ്മാറും വ്യക്തമാക്കിയതാണ്. വകഭേദത്തിന്‍റെ വ്യാപനം നിരീക്ഷിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗെബ്രേഷിയസ് അറിയിച്ചു.
ഇതിനിടെ കൊവിഡ് വാക്സീന്‍റെ കരുതൽ ഡോസ് ഇടവേള ആറു മാസമാക്കി കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വാക്സിനേഷനിൽ കേന്ദ്രത്തിന് സാങ്കേതിക ഉപദേശം നൽകുന്ന എൻടിഎജിഐയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറു മാസത്തിന് ശേഷം കരുതൽ ഡോസ് സ്വീകരിക്കാമെന്ന തീരുമാനം. നേരത്തെ ഇത് ഒമ്പത് മാസമായിരുന്നു.