ദില്ലി : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്കെതിരായ ആക്രമണം ഇന്ത്യയേയും ഞെട്ടിച്ചു. മരണം വരെ ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരും എന്ന് പ്രഖ്യാപിച്ച ആബേ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. ഏറെ വേദനാജനകമെന്നാണ് ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. അടുത്ത സുഹൃത്തായ ആബേയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഇന്ത്യ, അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാനും ഒപ്പമുണ്ടെന്നും നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. ജപ്പാനിലെ ഇന്ത്യൻ അംബാസഡറുമായി നരേന്ദ്ര മോദി സംസാരിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആബെയ്ക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
നാരാ നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് ആബേയ്ക്ക് വെടിയേറ്റത്. രണ്ട് തവണയാണ് ആക്രമി വെടിയുതിര്‍ത്തത്. രണ്ടാമത്തേതാണ് ആബേയുടെ ദേഹത്ത് കൊണ്ടത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ആബേയുടെ നില അതീവ ഗുരുതരമാണെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും സ്ഥിരീകരിച്ചു. അതിനീചമായ ആക്രമണമാണുണ്ടായതെന്നും ആബേയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രാകൃതവും വിദ്വേഷം ജനിപ്പിക്കുന്നതുമാണ് ആക്രമണം. എല്ലാം അതിജീവിച്ച് അദ്ദേഹം തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.