ദില്ലി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ആബേയുടെ മരണത്തില്‍ അതീവ ദുഖം. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബേ. ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി ട്വീറ്റ് ചെയ്തു. നാളെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവെച്ച നാല്‍പ്പതുകാരനായ അക്രമി പിടിയിലായി. കൊലപാതക കാരണം വ്യക്തമല്ല.
നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണശേഷവും സംഭവസ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു.