പാലക്കാട്: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്ക് നന്ദിയെന്ന് പിടി ഉഷ. രാഷ്ട്രീയമല്ല സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതൽ മറുപടി നൽകുന്നില്ല. പലർക്കും പല അഭിപ്രായവും പറയാമെന്നും പിടി ഉഷ പറഞ്ഞു.
ബിജെപി നേതാക്കൾ പിടി ഉഷയ്ക്ക് അവരുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചപ്പോഴായിരുന്നു അവരുടെ പ്രതികരണം. പുതിയ സ്ഥാന ലബ്ധിയിൽ പ്രത്യേക ആവേശമില്ലെന്ന് അവർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ട്യൂറ്റ് ഏറെ സന്തോഷിപ്പിച്ചു. കേന്ദ്ര സർക്കാരിൽ കായിക മന്ത്രിയാവുമോ എന്നൊന്നും തനിക്കറിയില്ല.
തന്നെ സ്വീകരിക്കാൻ ഇവിടെ എത്തിയത് ബി ജെ പി ക്കാർ മാത്രമല്ല, നാട്ടുകാരുമുണ്ട്. ബി ജെ പി ക്കാർ മുന്നിൽ നിന്നു എന്ന് മാത്രമേയുള്ളൂവെന്നും പിടി ഉഷ പറഞ്ഞു. എം പി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത് അറിഞ്ഞ് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിട്ടപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം നേതാവ് എകെ ബാലൻ എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്നും പിടി ഉഷ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് പിടി ഉഷയുടെ രാജ്യസഭാംഗത്വമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മറ്റ് വിമർശനം ചെറിയ മനസുള്ളവർ മാത്രം നടത്തുന്നതാണ്. കേരളം ഒട്ടാകെ പിടി ഉഷയുടെ പുതിയ പദവിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. വ്യാപകമായ സ്വീകാര്യത ലഭിച്ചു. പിടി ഉഷയെ രാഷ്രീയ നേട്ടത്തിന് ബി ജെ പി ഉപയോഗിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.