ചെന്നൈ : തമിഴ്നാട്ടിൽ പാർപ്പിടസമുച്ചയം തകർന്നുവീണു. തമിഴ്നാട് അർബൻ ഡെവലപ്മെന്റ് ബോർഡിന്റെ നാലുനിലക്കെട്ടിടമാണ് തകർന്നുവീണത്. 24 വീടുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വടക്കൻ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിടത്തിൽ വിള്ളലുകൾ കണ്ടതിന് പിന്നാലെ ഞായറാഴ്ച രാത്രിയോടെ താമസക്കാരെല്ലാം ഇവിടെനിന്ന് മാറിയിരുന്നു. ഗ്രാമ സ്ട്രീറ്റിൽ സ്ഥിതിചെയ്തിരുന്ന കെട്ടിടം രാവിലെ പത്തരയോടെയാണ് തകർന്നുവീണത്. തുടർന്ന് തിരുവൊട്ടിയൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്തു തുടങ്ങിയിട്ടുണ്ട്.
തങ്ങളുടെ വസ്തുവകകൾ അവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടു പോയതായി താമസക്കാർ പറഞ്ഞു. തമിഴ്നാട് അർബൻ ഹാബിറ്റാറ്റ് ഡെവലപ്മെന്റ് ബോർഡിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്.