ആലപ്പുഴ: കായംകുളം ഞക്കനാലിൽ വീട് കുത്തിത്തുറന്ന് 20 പവനും 5000 രൂപയും മോഷ്‌ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്‌ടാവ് അടക്കം രണ്ടുപേർ പിടിയിൽ. കൃഷ്‌ണപുരം കാപ്പിൽകിഴക്ക് അശ്വിൻ ഭവനത്തിൽ താമസിക്കുന്ന സ്‌പൈഡർ സുനിൽ എന്ന സുനിൽ (44), കൂട്ടാളി പത്തിയൂർ എരുവ മുറിയിൽ മൂടയിൽ ജങ്‌ഷനു സമീപം വേലൻപറമ്പിൽ സഫർ എന്ന സഫറുദ്ദീൻ (37) എന്നിവരാണ് അറസ്‌റ്റിലായത്.
ജൂൺ 25നാണ് കേസിനാസ്‌പദമായ സംഭവം. ഞക്കനാലിൽ കറുകത്തറയിൽ ബഷീറിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയാണ് അലമാര കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ചത്. ബഷീർ ചികിത്സയ്‌ക്കായി ആശുപത്രിയിലായിരുന്ന സമയത്താണ് മോഷണം നടത്തിയത്. മോഷണമുതൽ വിൽക്കുന്നത് സഫറുദീനാണ്. ചോദ്യംചെയ്യലിൽ ഓച്ചിറ വയനകത്ത്, ഞക്കനാൽ, കായംകുളം കാപ്പിൽ, മേനാത്തേരി, വള്ളികുന്നം കട്ടച്ചിറ എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ബഷീറിന്റെ വീടിനുസമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽഫോൺ രേഖകൾ പരിശോധിച്ചും സംശയം തോന്നിയ സ്‌പൈഡർ സുനിലിനെ നിരീക്ഷിച്ചുവരികയായിരുന്നു.
വിവിധ സ്‌റ്റേഷനുകളിലായി 31 ഓളം വാഹന മോഷണക്കേസിലും സുനിൽ പ്രതിയാണ്. മോഷണമുതൽ കായംകുളത്തെ സ്വർണക്കടകളിൽവിറ്റ് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. പകൽ ബൈക്കിൽ കറങ്ങി ആളില്ലാത്ത വീട് നോക്കിവച്ചശേഷം രാത്രി വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി. ഓച്ചിറയുടെ കിഴക്കൻ ഭാഗങ്ങളിൽ വീട് കുത്തിത്തുറന്നുള്ള മോഷണം പതിവായിരുന്നു. ജില്ലാ പൊലീസ് മേധാവി ജെ ജയ്ദേവിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ശ്രീകുമാർ, സിപിഒമാരായ ദീപക്, വിഷ്‌ണു, ഷാജഹാൻ, അനീഷ്, റെജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.