കണ്ണൂർ : ഗതാഗത മന്ത്രിയും സി ഐ ടി യു വും പരസ്യപ്പോരിലേക്ക്. ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സി ഐ ടി യു പരസ്യമായി പ്രഖ്യാപിച്ചു. കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. കെ എസ് ആർ ടി സി യിലെ സി ഐ ടി യു അംഗീകൃത യൂണിയനായ കെ എസ് ആർ ടി ഇഎ ആണ് മന്ത്രിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ബസുകളുടെ ബോർഡിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനും തീരുമാനമുണ്ട്. പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകൾക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സി സ്വിഫ്റ്റ് രൂപീകരണവും, കെ എസ് ആർ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോൾ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. അതേസമയം കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെ ഈ തീരുമാനം വന്നതിനെ സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു, കെ എസ് ആർ ടി സി യുടെ നിലനിൽപ്പിന് പുതുതായി രൂപീകരിച്ച കെ എസ് ആർ ടി സി സ്വിഫ്റ്റ് അത്യാവശ്യമാണെന്ന് പറഞ്ഞിരുന്നു.
കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്ന് നേരത്തെ തന്നെ മന്ത്രി വ്യക്തമാക്കിയതാണ്. യൂണിറ്റ് തലത്തിൽ യൂണിയൻ നേതാക്കൾക്ക് പ്രൊട്ടക്ഷൻ നൽകേണ്ടിവരുന്ന മറ്റൊരു സ്ഥാപനവും ഇല്ലെന്ന് പറഞ്ഞ് തൊഴിലാളി യൂണിയനുകളെ മന്ത്രി നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ കേന്ദ്രീകൃതമായി ഓടിക്കാൻ ആണ് കമ്പനി രൂപീകരിച്ചത്. കെ സ്വിഫ്റ്റ് കമ്പനിയിൽ സ്ഥിര നിയമനങ്ങൾ ഇല്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കെ സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാണെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി ആന്റണി രാജു വിശദീകരിച്ചത്. കെഎസ്ആർടിസി സ്വിഫ്റ്റ് 10 വർഷത്തേക്കുള്ള താത്കാലിക കമ്പനിയാണ്. ഈ സ്വിഫ്റ്റ് ബസ് സർവീസുകളിൽ നിന്നുള്ള വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ ആണെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയാണ് കെ സ്വിഫ്റ്റ്. ഇതിനെതിരായ ഹര്‍ജികള്‍ ഇന്നലെയാണ് കേരള ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്. കമ്പനി രൂപീകരണം സ൪ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമാണെന്നും ഇതിൽ ഇടപെടുന്നില്ലെന്നു൦ ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹ൪ജിയു൦ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഹ൪ജിയുമാണ് ഹൈക്കോടതി തള്ളിയത്.