തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പിടിമുറുക്കാൻ കെ സ്വിഫ്റ്റ് കമ്പനി ദീര്‍ഘദൂര സർവീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് ഹ്രസ്വദൂര സർവീസുകളിലേക്കും ചുവടുവയ്ക്കുന്നു. ഇതിൻ്റെ ആദ്യ പടിയായി തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഉടന്‍ സ്വിഫ്റ്റിന്‍റെ ഭാഗമാകും.
ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സ്വതന്ത്ര കമ്പനി എന്നാണ് ആരംഭഘട്ടത്തിൽ സ്വിഫ്റ്റിനെ KSRTC മാനേജ്മെന്റ് വിശേഷിപ്പിച്ചത്. കേരളത്തിന് പുറത്തേക്കുള്ള എസി സർവീസുകളിൽ മാത്രം കൈവച്ചുണ്ടായിരുന്നു പുതിയ കമ്പനിയുടെ തുടക്കവും.എന്നാൽ പ്രവർത്തനം തുടങ്ങി മൂന്ന് മാസമാകുമ്പോൾ തന്നെ ലോക്കൽ സർവീസുകളിലേക്കും സ്വിഫ്റ്റ് കടന്നു വരികയാണ്.
കെഎസ്ആർടിസിയുടെ വിനോദ സഞ്ചാര പാക്കേജിന് പിന്നാലെ ഹ്രസ്വദൂര സർവീസുകളെയും സ്വിഫ്റ്റ് ലക്ഷ്യമിട്ട് കഴിഞ്ഞു.ഇതിൻ്റെ ആദ്യ ഘട്ടമായാണ് ലണ്ടൻ മോഡലിൽ തിരുവനന്തപുരത്ത് തുടങ്ങിയ സിറ്റി സർക്കുലർ സർവീസിലേക്ക് സ്വിഫ്റ്റ് എത്തുന്നത്. KSRTCയുടെ സിറ്റി സർക്കുലർ ലാഭകരമാക്കാൻ എത്തിക്കുന്ന 50 ഇലക്ട്രിക് ബസ്സുകളും വാങ്ങുന്നത് സ്വിഫ്റ്റിന്റെ പേരിലാണ്.
ഇതിൻ്റെ ഭാഗമായ അഞ്ച് ഇ ബസ്സുകൾ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഉടൻ തന്നെ സർക്കുലർ സർവീസ് ഈ ഇലക്ട്രിക് ബസ്സുകളിലേക്ക് മാറും. പിന്നാലെ എറണാകുളത്തും കോഴിക്കോടും പദ്ധതി നടപ്പാക്കാനാനും ആലോചനയുണ്ട്. ഇനി മുതൽ പ്ലാൻ ഫണ്ടും കിഫ്ബി സഹായവും ഉപയോഗിച്ച് വാങ്ങുന്ന ബസ്സുകളെല്ലാം സ്വിഫ്റ്റിന്റെ കീഴിലാക്കും. അത്തരത്തിൽ 700 ബസ്സുകൾ വാങ്ങാനുള്ള ചർച്ചകളാണ് നിലവിൽ നടക്കുന്നത്.
സ്വിഫ്റ്റിനെതിരായ ഹർജികളെല്ലാം ഇന്നലെ ഹൈക്കോടതി തള്ളിയത് ഈ നീക്കത്തിന് ബലമേകുകയാണ്. അതേസമയം കെഎസ്ആർടിസിയെ പതിയെ സ്വിറ്റ് കമ്പനി വിഴുങ്ങും എന്ന ഭീതിയിലാണ് ജീവനക്കാർ. മാനേജ്മെന്റ് നീക്കത്തിനെ പല്ലും നഖവും ഉപയോഗിച്ച് നേരിടാനാണ് യൂണിയൻ നേതാക്കളുടെ തീരുമാനം. ഇതിൻ്റെ ആദ്യപടിയെന്നോണം സ്വിഫ്റ്റിന് എതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷ യൂണിയനുകൾ.