ദുബൈ : ത്യാഗ സ്‍മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. രാവിലെ പള്ളികളിലും ഈദ്‍ഗാഹുകളിലും നടന്ന പെരുന്നാള്‍ നമസ്‍കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിന്റെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെയും തിരക്കുളിലാണ് പ്രവാസി സമൂഹം.
കഴിഞ്ഞ രണ്ട് വര്‍ഷം നിലവിലുണ്ടായിരുന്ന കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി വീണ്ടും ബലി പെരുന്നാള്‍ എത്തുന്നത്. കൊവിഡ് ആശങ്ക പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ലാത്തതിനാലും പല രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ജാഗ്രത ഒട്ടും കൈവിടാതെയാണ് ആഘോഷങ്ങളും പെരുന്നാള്‍ നമസ്‍കാരവും.
യുഎഇയില്‍ ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആഘോഷങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം അകലം പാലിക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്. പെരുന്നാള്‍ നമസ്‌കാരവും ഖുതുബയും 20 മിനിറ്റിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
അതേസമയം ഗള്‍ഫിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കേറുന്ന സമയം കൂടിയാണ് പെരുന്നാള്‍ കാലം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും പോകുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശവമുണ്ട്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വേഗപരിധി ഉള്‍പ്പെടെ എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം.
അതേസമയം ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുകയാണ്. ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അതിന് ശേഷം രാത്രി മുസ്ദലിഫയില്‍ രാത്രി താമസിച്ചു. ഇന്ന് രാവിലെ ജംറയിൽ പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്ന കർമം പുരോഗമിക്കുകയാണ്. ശേഷം ബലികർമം നടത്തും. ഇതോടെ ഹജ്ജ് കര്‍മങ്ങള്‍ പകുതി പൂർത്തിയാകും.
ശേഷം മക്കയിൽ കഅ്ബക്ക് ചുറ്റും പ്രദക്ഷിണം നടത്തും. സഫ മർവ കുന്നുകൾക്കിടയിൽ ഓട്ടം പൂർത്തിയാക്കും. ഇതും കഴിഞ്ഞാൽ താമസസ്ഥലമായ മിനായിലേക്ക് എല്ലാ ഹാജിമാരും മടങ്ങും. ശേഷം ചൊവ്വാഴ്ച വരെ എല്ലാദിവസവും ജംറയിൽ പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നടക്കും. അതുകൂടി കഴിഞ്ഞാൽ ഈ വർഷത്തെ ഹജ്ജ് കര്‍മങ്ങള്‍ പൂർത്തിയാകും.